Oct 13, 2012

ജന്മദിനം



എന്‍റെ ജന്മദിനം 
അമ്മയെ കൊന്ന ദിവസമാണ്
ഒരു കൊലയാളിയുടെ ജന്മദിനം.
വയറുപിളര്‍ത്തി മരണത്തിനു കൂട്ടുകിടന്നവന്‍റെ  
ആഘോഷരാത്രി.

ചുറ്റും നിന്നാര്‍ത്ത് വിളിച്ച്‌ 
നിങ്ങളെന്നെ വീണ്ടും കുറ്റവാളിയാക്കുന്നു.
വെളിച്ചം ഊതിക്കെടുത്തുന്ന 
കഠാരയേന്തിയ കൊലയാളി

പോള്ളുന്നൊരു കയ്പ്പിറങ്ങുന്നുണ്ട് 
ഓരോ കേക്കുകഷ്ണത്തിനൊപ്പവും.
രക്തമൂറ്റിക്കുടിച്ചവന്‍റെ 
തീരാത്ത കുറ്റബോധത്തിന്‍റെ അമ്ലരുചി.

നഷ്ടപെട്ട ഒരു ചുംബനത്തിന്
പകരമാവുന്നില്ല ആലിംഗനങ്ങള്‍.
അപരാധ ബോധത്തിന്‍റെ തേങ്ങലുകള്‍ ‍ 
ഒറ്റപ്പെടുന്നുണ്ട് ബഹളത്തിനിടയില്‍ ‍.

അമ്മയുടെ മരണം ആഘോഷിച്ചവന്‍റെ  
പശ്ചാതാപത്തിന്‍റെ  ശിക്ഷയാണ് 
പതുക്കെച്ചിരിച്ച്ഏറ്റുവാങ്ങുന്ന 
ജന്മദിന പ്രഹരങ്ങളോരോന്നും

ഒരാഘോഷത്തിന്‍റെ മുഴുവന്‍ മധുരവുംകൊണ്ട് 
മുഖം വെളുപ്പി ച്ച്‌ 
ഉറക്കമില്ലാത്ത ഒരു രാത്രിയിലേക്ക്‌ 
ഞാന്‍ ഒറ്റക്കാവുന്നുണ്ട്.
അമ്മയെക്കൊന്ന മകന്‍റെ ജന്മദിനം 
ഒറ്റക്കിരുന്നാഘോഷിക്കാന്‍‍.

Oct 2, 2012

ഞാന്‍ ഇങ്ങനെയാണ്

  
നിനക്കറിയാത്ത വഴികളില്‍ 
ഞാന്‍ നിന്നെ കാത്തുനില്‍ക്കും. 
അതിനാല്‍ നീ എന്നെ കാണാതെപോകും.
ഞാന്‍ നിന്നെയും. 

സ്വപ്നമില്ലാത്ത വെളുത്ത രാത്രികളില്‍
കടംകൊണ്ട ഉന്മാദത്തിന്റെ പുകമുറിയിലിരുന്ന് 
ഞാന്‍ നിന്‍റെ ചിത്രങ്ങള്‍ മാറി  മാറി വരക്കും.
അപരിചിതര്‍ എന്നെ നോക്കി ചിരിക്കും.

നീ എനിക്കെഴുതിയ കത്തുകളത്ത്രയും
നിന്‍റെ നോട്ടുപുസ്തകത്തിനടിയിലമര്‍ന്ന്
ശ്വാസംമുട്ടി മരിച്ചതാണെന്നോര്‍ത്ത്
നിസ്സഹായതയുടെ നീളന്‍ നെടുവീര്‍പ്പുകളുയിര്‍ക്കും.

അന്നവസാനം, ഗന്ത്യന്തരമില്ലാതെ 
നീ വാതിലില്‍ മുട്ടുന്ന ദിവസം,
ഞാന്‍ ഞെട്ടിയുണരും.
ശ്വാസം കിട്ടാതെ കണ്ണുകള്‍ തുറിച്ചു നില്‍ക്കും . 
ഞാന്‍  തിരിഞ്ഞു നടക്കും. 

എനിക്കിഷ്ടം ഇങ്ങനെയാണ്. 
എന്നെ പിന്തുടരുത്. 






NB: ആദ്യ വരിക്ക് എന്‍റെ സുഹൃത്ത് ഷിനോദിനോട്‌ കടപ്പാട് 

Aug 6, 2011

കറുപ്പിന്‍റെ ക്യാന്‍വാസ്



ഇന്നലെ പറയാതെ പെയ്ത മഴ
എന്‍റെ ചായങ്ങളില്‍ ഒലിച്ചിറങ്ങി.
നിര്‍ദ്ദയം കൂടിക്കലര്‍ന്ന്
കറുപ്പിന്‍റെ ക്യാന്‍വാസിനെ ബാക്കിയാക്കി.

വെയിലിന്‍റെ നരകളെ 
ഞാനെന്‍റെ നിഴലുകൊണ്ട് മറച്ചിട്ടും
ഈ മഴത്തുള്ളികളെന്തിനാണ്
എന്‍റെ കണ്ണീരിനോട്‌ മത്സരിച്ചത്?

വിറക്കുന്ന വിരലുകള്‍ കൂട്ടിപ്പിടിച്ച്
ഞാന്‍ ചേര്‍ത്ത് വച്ച രൂപങ്ങള്‍ക്ക് 
കര്‍മബന്ധങ്ങളുടെ ഇഴകളുണ്ടായിരുന്നു.
വിദൂരതയില്‍ ജീവിതമുണ്ടായിരുന്നു. 

വീണ്ടുമാരാണിനി പരിഭവങ്ങളുടെ 
ചായക്കൂട്ടുകള്‍ കടം തരിക ?
സ്വപ്നങ്ങളുടെ ഇഴകളെ 
ഓര്‍മകളില്‍ നിന്നും പിരിച്ചെടുക്കുക ?

ഈ ഇരുട്ടിന്‍റെ മുറിയില്‍ 
എന്‍റെ ചായങ്ങള്‍ക്ക് നിറങ്ങളില്ല.
കോറുന്ന രൂപങ്ങളുടെ സത്യം 
നാളെയുടെ പുലര്‍ച്ചയിലാണ്.
അതും, മേല്‍ക്കൂര മഴയോട് തോറ്റില്ലെങ്കില്‍...

Feb 20, 2011

ധ്വനി

  

 ഉറക്കത്തിലെപ്പോഴോ എന്നെ തേടി വന്ന മണിയൊച്ചകള്‍ ഉള്‍ക്കൊള്ളാനാവാതെ തൊണ്ട വരണ്ടു. വിതുമ്പാന്‍ തുടങ്ങിയ ചുണ്ടുകള്‍ അടക്കിപ്പിടിച്ച് ഞാന്‍  എണീറ്റിരുന്നപ്പോള്‍ അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു, അവളുടെ കൂടി ഉറക്കം കെടുത്തുന്ന എന്‍റെ ഉറക്കപ്പിച്ചുകളെക്കുറിച്ച്. ഈയിടെ അങ്ങനെയാണ്. എന്നും അര്‍ത്ഥമില്ലാത്ത സ്വപ്നങ്ങള്‍ക്കവസാനം തുറിച്ച കണ്ണുകളുമായി ഞാന്‍ കട്ടിലില്‍ എണീറ്റിരിക്കും. ഇന്നലെ കിടന്നപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു.

"മനുഷ്യനായാല്‍ കിടക്കുമ്പോഴെങ്കിലും ഒന്ന് നാമം ജപിക്കണം. അതില്ലതോണ്ടാ ഈ ദുസ്വപ്നങ്ങളൊക്കെ കാണ്‌ണേ."

   പക്ഷെ, എവിടെയോ ചുണ്ടുകള്‍ക്ക് നഷ്ടപ്പെട്ടുപോയ നാമജപങ്ങളെ അവളുടെ വാക്കുകള്‍ക്ക് പോലും ഓര്‍മയിലേക്കെത്തിക്കാനായില്ല. എന്നിട്ടും സ്വപ്നത്തിലെപ്പോഴോ മണിയൊച്ചകള്‍ക്കകമ്പടിയേന്നോണം കേട്ട, വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ പോയ പിറുപിറുക്കലുകള്‍ക്ക് എവിടെയോ കേട്ടു മറന്ന ജപമന്ത്രങ്ങളോട് സാമ്യമുണ്ടായിരുന്നു.

   കഴിഞ്ഞയാഴ്ച്ച, കുന്തിരിക്കവും പനിനീരും മണക്കുന്ന അവന്‍റെ ശരീരം ഒതുക്കിവച്ച ശവപ്പെട്ടി, കയറില്‍ തൂക്കി കുഴിമാടത്തിലേക്കിറക്കി വെച്ചപ്പോള്‍, ഞാന്‍ സെമിത്തേരിയുടെ ഓരം പറ്റിനിന്നു നെടുവീര്‍പ്പുകളുതിര്‍ക്കുന്നുണ്ടായിരുന്നു.  നിറഞ്ഞ തേങ്ങലുകള്‍ക്കിടയിലും അവളുടെ, വരാന്‍ പോവുന്ന ശ്യൂന്യതയുടെ ആഴങ്ങള്‍ പേറിയ വിതുമ്പലുകള്‍, ഞാന്‍ വേര്‍തിരിച്ചു കേട്ടു. അത് കേട്ടിട്ടെന്നോണം എന്‍റെ സൗഹൃദത്തിന്‍റെ നെടുവീര്‍പ്പുകള്‍ പകുതി നഷ്ടപ്പെട്ടവളുടെ  വിതുമ്പലിന് മുന്നില്‍ മുഖം പൊത്തി നിന്നു . എന്നിട്ടുമെന്തോ, അവസാനം കണ്ണുതുടച്ചു തിരിച്ചിറങ്ങി നടന്നപ്പോള്‍ ചെവികളില്‍ ബാക്കിയായത് നിശ്വാസങ്ങള്‍ക്കിടയില്‍ നേര്‍ത്ത് കേട്ട ആ മണിയൊച്ചകള്‍ മാത്രമായിരുന്നു. പാതിരിയുടെ കയ്യില്‍ക്കിടന്നു അതെനിക്ക് വേണ്ടി മാത്രമായിരുന്നു ചിലമ്പിച്ചിരുന്നതെന്നെനിക്ക് തോന്നി. അല്ലെങ്കില്‍പ്പിന്നെ അതെന്തിനെന്‍റെ മാത്രം ഉറക്കം കെടുത്തണം?.

   രാത്രിയിലെപ്പോഴോ നഷ്ടപെട്ട ഉറക്കത്തിനു ശേഷം, ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുമ്പോള്‍ മുതല്‍, ഞാന്‍ കേട്ടു തീര്‍ത്ത മണിയൊച്ചകള്‍ക്ക് അര്‍ത്ഥം തേടുകയാണ്. എപ്പോഴൊക്കെയോ അര്‍ത്ഥങ്ങള്‍ മാറി മാറി നല്‍കി  നിരര്‍തഥകതയുടെ  സൂചിമുനയില്‍ നൃത്തം വെക്കുകയാണവയിപ്പോള്‍. നിലക്കാത്ത നേര്‍ത്ത ധ്വനികളായി എപ്പോഴുമവയെന്നെ പിന്തുടരുന്നുണ്ടായിരുന്നെന്ന് ഞാന്‍ ഓര്‍ത്തെടുത്തതും ഈ ഞെട്ടിയുണരുകള്‍ക്ക് ശേഷമായിരുന്നിരിക്കണം. 

  വൈകുന്നേരം വീട്ടിലേക്കു മടങ്ങും വഴി അവളെ കാത്ത് സ്കൂളിനു  പുറത്ത് കാറിന്‍റെ നനുത്ത തണുപ്പില്‍ കണ്ണടച്ചിരുന്നപ്പോഴും, ചൂടുപിടിച്ച മനസ്സുമായി കേട്ടുമറന്ന മണിയൊച്ചകളുടെ അര്‍ത്ഥങ്ങള്‍ക്കായി ഞാന്‍ ഓര്‍മകളില്‍ തിരയുകയായിരുന്നു.  കിതച്ചുകൊണ്ടോടുമ്പോള്‍ തൂക്കുപാത്രത്തിന്റെ ചിലമ്പലിനപ്പുറത്ത് കേള്‍ക്കാതിരിക്കാന്‍  ആഗ്രഹിച്ച നീണ്ട മണിയടികള്‍, വിജനമായ വരാന്തയില്‍ ചൂരലും പിടിച്ചു നില്‍ക്കുന്ന വട്ടക്കണ്ണട വെച്ച മേരി ടീച്ചറുടെ ഉരുട്ടിയെടുക്കുന്ന കണ്ണുകളിലേക്കെത്തുന്ന ചിന്തകള്‍ക്കവസാനമാണ് എന്നില്‍ ഭീതി നിറച്ചത്. ദേശീയ ഗാനത്തിന്‍റെ അവസാന വരികളില്‍ ഉന്നം പിടിച്ച്, മുറുക്കി പിടിച്ച ബാഗുമായി സ്റ്റാര്‍ട്ടിംഗ് പോയന്റിലെ അത്‌ലറ്റിക്കിന്‍റെ മനസ്സുമായി കുതിക്കാനൊരുങ്ങി നിന്നപ്പോള്‍ കാതോര്‍ത്തതും ഇതേ മണിയടികള്‍ക്കായിരുന്നു. കണക്കുകള്‍ കൂട്ടിക്കിഴിച്ച്‌ മടുക്കുമ്പോള്‍ അടക്കിപിടിച്ച ശ്വാസത്തോടെ പ്രാര്‍ഥിച്ചു നേടിയ, ഞങ്ങളുടെ നിശബ്ദതകളെ ഭേദിച്ച മണിയൊച്ചകള്‍ക്കൊപ്പം തെറിച്ചു വീണ നിശ്വാസങ്ങള്‍ക്ക്, കിടപ്പറയില്‍ അവള്‍ക്കു വേണ്ടി ത്യാഗം ചെയ്തവയെക്കാള്‍ നിഷ്കളങ്കതയുണ്ടായിരുന്നു.

   അവളുടെ പരിഭവങ്ങള്‍ക്ക് ചെവികൊടുത്തു മടങ്ങുമ്പോഴും എന്‍റെ മനസ്സ് മണിയൊച്ചകള്‍ക്കൊപ്പം വികാരങ്ങളെ പ്രതിഷ്ട്ടിച്ചിരുന്ന ആ പഴയ സ്കൂള്‍ കുട്ടിയുടേതായിരുന്നു. പറഞ്ഞു തീരാത്ത കഥക്ക് മുമ്പേ പിശുക്കിയടിച്ച ബെല്ലിനു പ്യൂണിനെ ശപിച്ചു പല്ലിറുമ്മുകയായിരുന്നു അവനപ്പോള്‍.

  പിറക്കാന്‍ മടിക്കുന്ന മക്കള്‍ക്കായി, അവളുടെ ഏറെ ദിവസത്തെ യാചനക്കും കണ്ണീരിനുമവസാനം മണ്ണാര്‍ശാലയിലേക്ക് തിരിക്കുമ്പോഴും ഞാനവളുടെ പ്രതീക്ഷകളുടെ ഒരറ്റം പോലും പിടിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളെ  മുഴുവന്‍ ഉരുളിയിലാക്കി കമിഴ്ത്തി തിരിച്ചിറങ്ങുമ്പോള്‍ മണിയൊച്ചകള്‍ കേള്‍ക്കാതിരിക്കാനായി ഞാന്‍ ചെവികള്‍ ഉള്ളില്‍ നിന്നും കൊട്ടിയടച്ചു. പണ്ട് കുളിച്ചൊരുങ്ങി ഒറ്റമുണ്ടില്‍ ചേച്ചിക്കൊപ്പം ദേവീപ്രസാദത്തിനു  കാത്തുനില്‍ക്കുമ്പോള്‍ അകത്തവ നിലക്കാതെ ശബ്ദിച്ചത് എന്‍റെ ആത്മനിര്‍വൃതിയുടെ മിടിപ്പുകള്‍ക്കൊപ്പമായിരുന്നു. പിന്നീടെന്നോ ഒരു നട്ടുച്ചക്ക് കോമരം മുറ്റത്ത്‌ നിറഞ്ഞു തുള്ളിയപ്പോള്‍, അകത്തു കട്ടിലിനടിയിലെ ഇരുട്ടിലേക്ക് ഓടിക്കയറിയതിനു ശേഷം ആത്മീയതയുടെ അകമ്പടിയുള്ള മണിയൊച്ചകള്‍ പോലും എന്‍റെ മിടിപ്പുകള്‍ വേഗത്തിലാക്കി.

ഉരുളി കമിഴ്ത്തി കാത്തിരുന്ന നാല്പതു ദിവസങ്ങള്‍ക്കിപ്പുറം നാല് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ഞങ്ങളുടെ കുഞ്ഞിനെ ഉദരത്തിലേറ്റിയപ്പോള്‍ എനിക്കവളുടെ പ്രതീക്ഷയിലുള്ള  വിശ്വാസത്തെ അംഗീകരിക്കേണ്ടി വന്നു. കേള്‍ക്കാന്‍ പോകുന്ന കുഞ്ഞു കിലുക്കങ്ങളെക്കുറിച്ചോര്‍ത്ത് ഊറ്റം കൊണ്ടപ്പോള്‍ ഭീതി ഒരു നിമിഷം വഴി മാറി നിന്നു.

  വീട്ടിലേക്ക് മടങ്ങും വഴി അവള്‍ക്കായി മാര്‍ക്കെറ്റില്‍ നിന്നും വാങ്ങേണ്ടവയെക്കുറിച്ചോര്‍ത്ത് കാബിനിലിരുന്നു മയങ്ങുമ്പോള്‍ നിര്‍ത്താതെയടിച്ച ഫോണ്‍ എന്നെയെത്തിച്ചത് മോര്‍ച്ചറിക്ക് മുമ്പിലെ നിറഞ്ഞ കണ്ണുകള്‍ക്കിടയിലേക്കാണ്. തണുത്തു മരവിച്ച, കിതപ്പുകള്‍ നിലച്ച അവളുടെ ശരീരത്തിനോട്‌ ചേര്‍ന്ന് നിന്നപ്പോള്‍ എന്‍റെ ചെവികളില്‍ ഒരായിരം നാഴികമണികള്‍ നിര്‍ത്താതെയടിച്ചു. നനഞ്ഞ തോര്‍ത്തുടുത്ത്, പുകയേറ്റു കരുവാളിച്ച മുഖവുമായി ആരുടെയോ തോളില്‍ തലവെച്ചു മടങ്ങുമ്പോള്‍ രണ്ടു കരച്ചിലുകള്‍ എന്നെ പിന്തുടരുന്നതായി തോന്നി.

രാത്രിയിലെപ്പോഴോ അവള്‍ സ്വന്തമാക്കിയ, ഞങ്ങളുടെ കുഞ്ഞിന്‍റെ നിലവിളികേട്ട് ഞെട്ടിയുണര്‍ന്നു അവളില്ലാത്ത കട്ടിലിലിരുന്നു ഞാന്‍ വിയര്‍ത്തുകുളിച്ചു. കിതച്ചോടിച്ചെന്ന് അവളുടെ ഗന്ധമുള്ള, ചൂട് മാറാത്ത ചാരം വാരി ചെവികളില്‍ കുത്തിനിറച്ചു. എന്നിട്ടും എന്‍റെ കുഞ്ഞ് ഏതോ നാഴികമണിയുടെ താളത്തിനൊത്ത് കരഞ്ഞുകൊണ്ടേയിരുന്നു.

Nov 8, 2010

സദാചാരം

Cross posted on My Friend's Blog


മുടിയൊഴിച്ചിട്ട അവളുടെ പിന്‍കഴുത്തില്‍ 

ചുംബിക്കാനാണാഗ്രഹിച്ചത്.


പക്ഷെ,അവള്‍ക്ക് പകലിന്റെ ധാര്‍മികതയെ ഭയമായിരിന്നു.

അവളെന്നെ ഇരുട്ടിലേക്ക്  വലിച്ചിട്ടു.


ഇരുട്ടിന്റെ കനത്ത മൂകതയില്‍,

ആ  പറഞ്ഞ ധാര്‍മികതക്ക്ശ്വാസം മുട്ടുമെത്രേ.


സമവാക്യങ്ങള്‍

Cross posted on  മുക്കൂറ്റി



അവന്‍ തനിച്ച് നടന്നത് വേഗത്തിലായിരുന്നു
ആവനോടൊപ്പം അറിയാതെ പതുക്കെയായി.
സുഖമുള്ളൊരു സായാഹ്നത്തിലും
കടല്‍ക്കരയിലവനു മടുപ്പുതോന്നി
അവനുണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു
ചേര്‍ത്തു നടക്കുവാന്‍ അവന്റെ കൈകളെങ്കിലും.

വേനലവധികളിലെ
അവനില്ലാത്ത മടുപ്പം
മഴപെയ്യുന്ന രാത്രികളിലെ
അവന്റെ സാമീപ്യത്തേക്കുറിച്ചോര്‍ത്ത് കഴുകിക്കളഞ്ഞു.
കറകളഞ്ഞ ഈ 'സൗഹൃദത്തേ'ക്കുറിച്ചോര്‍ത്ത്
ഊറ്റം കൊണ്ടു.

ജോലിക്കിടയിലനുഭവപ്പെട്ട മുഷിപ്പിനെ
അവനുള്ള വൈകുന്നേരത്തേക്കുറിച്ചോര്‍ത്ത് മറികടന്നു.
വിവാഹമണ്ഡപത്തില്‍
അവള്‍ക്കിപ്പുറമിരുന്നവന്‍ കണ്ണൂതുടച്ചു,
അവനെ നഷ്ടപ്പെടുന്നതിനെക്കുറിച്ചോര്‍ത്ത്.
അവനും കരഞ്ഞിട്ടുണ്ടാവണം.

അവളോടവനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെയും 
അവള്‍ മന്ദഹസിച്ചു.
നല്ല സുഹൃത്തുക്കളെന്നോര്‍ത്തിട്ടാവണം.
പിന്നീടെപ്പോഴൊക്കെയോ 
അവളവന്റെ 'ഭാര്യ'യാണെന്നാവര്‍ത്തിച്ചപ്പോഴും
അവന്‍ അവനേക്കുറിച്ചാണോര്‍ത്തത്.

അവനും അവനും ചേരുന്ന
സമവാക്യങ്ങളില്ലാത്തതുകൊണ്ടല്ലേ

അവനും അവളും ചേര്‍ക്കപെട്ടതെന്നും.

Sep 4, 2010

അതിജീവനം



ഞാന്‍ പിറന്നുവീണപ്പോള്‍
കണ്ണു തുറന്നപ്പോള്‍
ആരൊക്കെയോ കൈവെടിയുകയായിരുന്നു
വേവലാതികളെ.


ഞാന്‍ പിടിച്ച പൂത്തുമ്പി
പൊക്കിയ കല്ല്‌ താഴെയിട്ട് പറന്നകന്നപ്പോള്‍
അതതിനൊരു പുനര്‍ജന്മമായിരുന്നു.


കണക്കു മാഷിന്റെ ചൂരലിന്  മുന്‍പില്‍
ആരോ മരിച്ചെന്ന നുണയില്‍
ഞാനെന്‍  കനലുകളെ നനച്ചിടുകയായിരുന്നു.


അവളോടെന്‍ പ്രണയം പതുക്കെ പറഞ്ഞപ്പോള്‍
പ്രത്യാശയില്ലാത്ത ഒരു തുറിച്ചു നോട്ടത്തിലൂടെ
അവളൊരു കാമുകനെ തഴയുകയായിരുന്നു.


വെമ്പുന്ന സ്നേഹത്തെയും
തിളക്കുന്ന കാമത്തെയും മറികടക്കാന്‍
ഞാനുമൊരു താലി പണിയുകയായിരുന്നു.


ജീവിത യാഥാര്‍ത്യങ്ങളോട് പൊരുത്തപെടാനാവാതെ
ഞാനൊരു മുഴം കയറില്‍ അഭയം തേടിയപ്പോള്‍
അവളുടെ നിലവിളിയില്‍ അത് പൊട്ടിവീഴുകയായിരുന്നു.


ഇന്ന് ഞാന്‍ ഒടിഞ്ഞ കഴുത്തുമായി
കുഴമ്പിന്റെ മണമുള്ള കട്ടിലിലാണ്
ജീവിതത്തെ അതിജീവിക്കാനാവാതെ.

Dec 5, 2009

പ്രതികരണം



ഞാന്‍ അവളുടെ അടുത്തിരുന്നപ്പോഴും
അവള്‍ക്കെന്നോട്  പ്രണയമുണ്ടായിരുന്നു.
പക്ഷെ, വിറക്കുന്ന കൈകള്‍  കൊണ്ട്
അവളുടെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ടത്
നിര്‍വികാരതയുടെ കണ്ണുനീരായിരുന്നു.
അതിനാല്‍  ഞാന്‍ തിരിച്ചു നടന്നു .
അവള്‍ക്കെന്നെ തിരികെ വിളിക്കാന്‍ കഴിഞ്ഞില്ല
അവളെന്നെ സ്നേഹിച്ചിരുന്നതിനാലാവാം.


പിന്നീടൊരിക്കല്‍,
എനിക്ക് വേണ്ടി പായ വിരിച്ചവള്‍ക്ക് മുന്‍പില്‍ നിന്നും
ഞാന്‍ ഇറങ്ങി പോന്നു.
കയ്യില്‍ ചുരുട്ടി പിടിച്ച മുഷിഞ്ഞ നോട്ടുമായി.
കാരണം,
അവളുടെ കണ്ണുകളില്‍ സ്നേഹമുണ്ടായിരുന്നില്ല.
അവളെന്നെ പുറകില്‍ നിന്നും കൈകൊട്ടി വിളിച്ചു.
ഞാനവള്‍ക്ക് ആരുമല്ലായിരുന്നു.


അന്നവള്‍
ഞാന്‍ കെട്ടിയ താലിയില്‍ പിടിച്ചു
എന്നിലേക്ക് തുറിച്ചു നോക്കി.
സ്നേഹം നിറഞ്ഞ കാമത്തോടെ.
എനിക്കെന്ത്  ചെയ്യാനാവുമായിരുന്നു,
അവളെ എന്റേത്  മാത്രമാക്കുകയല്ലാതെ.


ഇന്നലെവരെ  എന്റേതായിരുന്നു എന്ന കാരണത്താല്‍
അവളൊരു കുറിപ്പെഴുതി വെച്ചു
'ഞാന്‍ പോവുകയാണ്'എന്ന്.

Mar 5, 2009

ഇടവേളകള്‍



ഞാന്‍ ഉറങ്ങുമ്പോള്‍ പുറത്തിരുട്ടായിരിക്കും.
ഞാന്‍ ഉണരുമ്പോഴും എന്‍റെ കൈകള്‍ വിളക്കുകള്‍ തേടാറുണ്ട്.
പക്ഷെ, എന്‍റെ പകലുകള്‍ എനിക്ക് നഷ്ടപ്പെടാറില്ല.


എന്‍റെ രാത്രികളില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ കാണാറുണ്ട്.
പകലുകളില്‍  ദിവാസ്വപ്നങ്ങളും.
പക്ഷെ, ഞാനെപ്പോഴും സ്വപ്നത്തിലല്ല ജീവിക്കുന്നത്.


എന്‍റെ സംസാരം പതുക്കെയാണ് തുടങ്ങാറ്.
അതവസാനിക്കുന്നതും പതുക്കെയാണ്.
പക്ഷെ, അതെപ്പോഴോ ഉച്ചത്തിലാവാറുണ്ട്.


എന്‍റെ സങ്കടങ്ങളിലെന്റെ കണ്ണുകള്‍ നിറയാറുണ്ട്.
സന്തോഷങ്ങളിലും അവ നിറഞൊഴുകാറുണ്ട്.
പക്ഷെ, അവ നിറയുന്നതീ രണ്ടവസരങ്ങളില്‍ മാത്രമല്ല.


ഞാന്‍ പിറന്നു വീണപ്പോള്‍
വെള്ളത്തുണിയിലായിരുന്നു പൊതിഞ്ഞിരുന്നത്.
ഞാന്‍ മരിക്കുമ്പോഴും അവര്‍ എനിക്ക്
വെള്ള വസ്ത്രം നല്‍കുമായിരിക്കും.
പക്ഷെ, എന്‍റെ വസ്ത്രങ്ങള്‍ വെള്ള നിറത്തിലുള്ളവ മാത്രമല്ല.