Feb 20, 2011

ധ്വനി

  

 ഉറക്കത്തിലെപ്പോഴോ എന്നെ തേടി വന്ന മണിയൊച്ചകള്‍ ഉള്‍ക്കൊള്ളാനാവാതെ തൊണ്ട വരണ്ടു. വിതുമ്പാന്‍ തുടങ്ങിയ ചുണ്ടുകള്‍ അടക്കിപ്പിടിച്ച് ഞാന്‍  എണീറ്റിരുന്നപ്പോള്‍ അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു, അവളുടെ കൂടി ഉറക്കം കെടുത്തുന്ന എന്‍റെ ഉറക്കപ്പിച്ചുകളെക്കുറിച്ച്. ഈയിടെ അങ്ങനെയാണ്. എന്നും അര്‍ത്ഥമില്ലാത്ത സ്വപ്നങ്ങള്‍ക്കവസാനം തുറിച്ച കണ്ണുകളുമായി ഞാന്‍ കട്ടിലില്‍ എണീറ്റിരിക്കും. ഇന്നലെ കിടന്നപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു.

"മനുഷ്യനായാല്‍ കിടക്കുമ്പോഴെങ്കിലും ഒന്ന് നാമം ജപിക്കണം. അതില്ലതോണ്ടാ ഈ ദുസ്വപ്നങ്ങളൊക്കെ കാണ്‌ണേ."

   പക്ഷെ, എവിടെയോ ചുണ്ടുകള്‍ക്ക് നഷ്ടപ്പെട്ടുപോയ നാമജപങ്ങളെ അവളുടെ വാക്കുകള്‍ക്ക് പോലും ഓര്‍മയിലേക്കെത്തിക്കാനായില്ല. എന്നിട്ടും സ്വപ്നത്തിലെപ്പോഴോ മണിയൊച്ചകള്‍ക്കകമ്പടിയേന്നോണം കേട്ട, വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ പോയ പിറുപിറുക്കലുകള്‍ക്ക് എവിടെയോ കേട്ടു മറന്ന ജപമന്ത്രങ്ങളോട് സാമ്യമുണ്ടായിരുന്നു.

   കഴിഞ്ഞയാഴ്ച്ച, കുന്തിരിക്കവും പനിനീരും മണക്കുന്ന അവന്‍റെ ശരീരം ഒതുക്കിവച്ച ശവപ്പെട്ടി, കയറില്‍ തൂക്കി കുഴിമാടത്തിലേക്കിറക്കി വെച്ചപ്പോള്‍, ഞാന്‍ സെമിത്തേരിയുടെ ഓരം പറ്റിനിന്നു നെടുവീര്‍പ്പുകളുതിര്‍ക്കുന്നുണ്ടായിരുന്നു.  നിറഞ്ഞ തേങ്ങലുകള്‍ക്കിടയിലും അവളുടെ, വരാന്‍ പോവുന്ന ശ്യൂന്യതയുടെ ആഴങ്ങള്‍ പേറിയ വിതുമ്പലുകള്‍, ഞാന്‍ വേര്‍തിരിച്ചു കേട്ടു. അത് കേട്ടിട്ടെന്നോണം എന്‍റെ സൗഹൃദത്തിന്‍റെ നെടുവീര്‍പ്പുകള്‍ പകുതി നഷ്ടപ്പെട്ടവളുടെ  വിതുമ്പലിന് മുന്നില്‍ മുഖം പൊത്തി നിന്നു . എന്നിട്ടുമെന്തോ, അവസാനം കണ്ണുതുടച്ചു തിരിച്ചിറങ്ങി നടന്നപ്പോള്‍ ചെവികളില്‍ ബാക്കിയായത് നിശ്വാസങ്ങള്‍ക്കിടയില്‍ നേര്‍ത്ത് കേട്ട ആ മണിയൊച്ചകള്‍ മാത്രമായിരുന്നു. പാതിരിയുടെ കയ്യില്‍ക്കിടന്നു അതെനിക്ക് വേണ്ടി മാത്രമായിരുന്നു ചിലമ്പിച്ചിരുന്നതെന്നെനിക്ക് തോന്നി. അല്ലെങ്കില്‍പ്പിന്നെ അതെന്തിനെന്‍റെ മാത്രം ഉറക്കം കെടുത്തണം?.

   രാത്രിയിലെപ്പോഴോ നഷ്ടപെട്ട ഉറക്കത്തിനു ശേഷം, ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുമ്പോള്‍ മുതല്‍, ഞാന്‍ കേട്ടു തീര്‍ത്ത മണിയൊച്ചകള്‍ക്ക് അര്‍ത്ഥം തേടുകയാണ്. എപ്പോഴൊക്കെയോ അര്‍ത്ഥങ്ങള്‍ മാറി മാറി നല്‍കി  നിരര്‍തഥകതയുടെ  സൂചിമുനയില്‍ നൃത്തം വെക്കുകയാണവയിപ്പോള്‍. നിലക്കാത്ത നേര്‍ത്ത ധ്വനികളായി എപ്പോഴുമവയെന്നെ പിന്തുടരുന്നുണ്ടായിരുന്നെന്ന് ഞാന്‍ ഓര്‍ത്തെടുത്തതും ഈ ഞെട്ടിയുണരുകള്‍ക്ക് ശേഷമായിരുന്നിരിക്കണം. 

  വൈകുന്നേരം വീട്ടിലേക്കു മടങ്ങും വഴി അവളെ കാത്ത് സ്കൂളിനു  പുറത്ത് കാറിന്‍റെ നനുത്ത തണുപ്പില്‍ കണ്ണടച്ചിരുന്നപ്പോഴും, ചൂടുപിടിച്ച മനസ്സുമായി കേട്ടുമറന്ന മണിയൊച്ചകളുടെ അര്‍ത്ഥങ്ങള്‍ക്കായി ഞാന്‍ ഓര്‍മകളില്‍ തിരയുകയായിരുന്നു.  കിതച്ചുകൊണ്ടോടുമ്പോള്‍ തൂക്കുപാത്രത്തിന്റെ ചിലമ്പലിനപ്പുറത്ത് കേള്‍ക്കാതിരിക്കാന്‍  ആഗ്രഹിച്ച നീണ്ട മണിയടികള്‍, വിജനമായ വരാന്തയില്‍ ചൂരലും പിടിച്ചു നില്‍ക്കുന്ന വട്ടക്കണ്ണട വെച്ച മേരി ടീച്ചറുടെ ഉരുട്ടിയെടുക്കുന്ന കണ്ണുകളിലേക്കെത്തുന്ന ചിന്തകള്‍ക്കവസാനമാണ് എന്നില്‍ ഭീതി നിറച്ചത്. ദേശീയ ഗാനത്തിന്‍റെ അവസാന വരികളില്‍ ഉന്നം പിടിച്ച്, മുറുക്കി പിടിച്ച ബാഗുമായി സ്റ്റാര്‍ട്ടിംഗ് പോയന്റിലെ അത്‌ലറ്റിക്കിന്‍റെ മനസ്സുമായി കുതിക്കാനൊരുങ്ങി നിന്നപ്പോള്‍ കാതോര്‍ത്തതും ഇതേ മണിയടികള്‍ക്കായിരുന്നു. കണക്കുകള്‍ കൂട്ടിക്കിഴിച്ച്‌ മടുക്കുമ്പോള്‍ അടക്കിപിടിച്ച ശ്വാസത്തോടെ പ്രാര്‍ഥിച്ചു നേടിയ, ഞങ്ങളുടെ നിശബ്ദതകളെ ഭേദിച്ച മണിയൊച്ചകള്‍ക്കൊപ്പം തെറിച്ചു വീണ നിശ്വാസങ്ങള്‍ക്ക്, കിടപ്പറയില്‍ അവള്‍ക്കു വേണ്ടി ത്യാഗം ചെയ്തവയെക്കാള്‍ നിഷ്കളങ്കതയുണ്ടായിരുന്നു.

   അവളുടെ പരിഭവങ്ങള്‍ക്ക് ചെവികൊടുത്തു മടങ്ങുമ്പോഴും എന്‍റെ മനസ്സ് മണിയൊച്ചകള്‍ക്കൊപ്പം വികാരങ്ങളെ പ്രതിഷ്ട്ടിച്ചിരുന്ന ആ പഴയ സ്കൂള്‍ കുട്ടിയുടേതായിരുന്നു. പറഞ്ഞു തീരാത്ത കഥക്ക് മുമ്പേ പിശുക്കിയടിച്ച ബെല്ലിനു പ്യൂണിനെ ശപിച്ചു പല്ലിറുമ്മുകയായിരുന്നു അവനപ്പോള്‍.

  പിറക്കാന്‍ മടിക്കുന്ന മക്കള്‍ക്കായി, അവളുടെ ഏറെ ദിവസത്തെ യാചനക്കും കണ്ണീരിനുമവസാനം മണ്ണാര്‍ശാലയിലേക്ക് തിരിക്കുമ്പോഴും ഞാനവളുടെ പ്രതീക്ഷകളുടെ ഒരറ്റം പോലും പിടിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളെ  മുഴുവന്‍ ഉരുളിയിലാക്കി കമിഴ്ത്തി തിരിച്ചിറങ്ങുമ്പോള്‍ മണിയൊച്ചകള്‍ കേള്‍ക്കാതിരിക്കാനായി ഞാന്‍ ചെവികള്‍ ഉള്ളില്‍ നിന്നും കൊട്ടിയടച്ചു. പണ്ട് കുളിച്ചൊരുങ്ങി ഒറ്റമുണ്ടില്‍ ചേച്ചിക്കൊപ്പം ദേവീപ്രസാദത്തിനു  കാത്തുനില്‍ക്കുമ്പോള്‍ അകത്തവ നിലക്കാതെ ശബ്ദിച്ചത് എന്‍റെ ആത്മനിര്‍വൃതിയുടെ മിടിപ്പുകള്‍ക്കൊപ്പമായിരുന്നു. പിന്നീടെന്നോ ഒരു നട്ടുച്ചക്ക് കോമരം മുറ്റത്ത്‌ നിറഞ്ഞു തുള്ളിയപ്പോള്‍, അകത്തു കട്ടിലിനടിയിലെ ഇരുട്ടിലേക്ക് ഓടിക്കയറിയതിനു ശേഷം ആത്മീയതയുടെ അകമ്പടിയുള്ള മണിയൊച്ചകള്‍ പോലും എന്‍റെ മിടിപ്പുകള്‍ വേഗത്തിലാക്കി.

ഉരുളി കമിഴ്ത്തി കാത്തിരുന്ന നാല്പതു ദിവസങ്ങള്‍ക്കിപ്പുറം നാല് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ഞങ്ങളുടെ കുഞ്ഞിനെ ഉദരത്തിലേറ്റിയപ്പോള്‍ എനിക്കവളുടെ പ്രതീക്ഷയിലുള്ള  വിശ്വാസത്തെ അംഗീകരിക്കേണ്ടി വന്നു. കേള്‍ക്കാന്‍ പോകുന്ന കുഞ്ഞു കിലുക്കങ്ങളെക്കുറിച്ചോര്‍ത്ത് ഊറ്റം കൊണ്ടപ്പോള്‍ ഭീതി ഒരു നിമിഷം വഴി മാറി നിന്നു.

  വീട്ടിലേക്ക് മടങ്ങും വഴി അവള്‍ക്കായി മാര്‍ക്കെറ്റില്‍ നിന്നും വാങ്ങേണ്ടവയെക്കുറിച്ചോര്‍ത്ത് കാബിനിലിരുന്നു മയങ്ങുമ്പോള്‍ നിര്‍ത്താതെയടിച്ച ഫോണ്‍ എന്നെയെത്തിച്ചത് മോര്‍ച്ചറിക്ക് മുമ്പിലെ നിറഞ്ഞ കണ്ണുകള്‍ക്കിടയിലേക്കാണ്. തണുത്തു മരവിച്ച, കിതപ്പുകള്‍ നിലച്ച അവളുടെ ശരീരത്തിനോട്‌ ചേര്‍ന്ന് നിന്നപ്പോള്‍ എന്‍റെ ചെവികളില്‍ ഒരായിരം നാഴികമണികള്‍ നിര്‍ത്താതെയടിച്ചു. നനഞ്ഞ തോര്‍ത്തുടുത്ത്, പുകയേറ്റു കരുവാളിച്ച മുഖവുമായി ആരുടെയോ തോളില്‍ തലവെച്ചു മടങ്ങുമ്പോള്‍ രണ്ടു കരച്ചിലുകള്‍ എന്നെ പിന്തുടരുന്നതായി തോന്നി.

രാത്രിയിലെപ്പോഴോ അവള്‍ സ്വന്തമാക്കിയ, ഞങ്ങളുടെ കുഞ്ഞിന്‍റെ നിലവിളികേട്ട് ഞെട്ടിയുണര്‍ന്നു അവളില്ലാത്ത കട്ടിലിലിരുന്നു ഞാന്‍ വിയര്‍ത്തുകുളിച്ചു. കിതച്ചോടിച്ചെന്ന് അവളുടെ ഗന്ധമുള്ള, ചൂട് മാറാത്ത ചാരം വാരി ചെവികളില്‍ കുത്തിനിറച്ചു. എന്നിട്ടും എന്‍റെ കുഞ്ഞ് ഏതോ നാഴികമണിയുടെ താളത്തിനൊത്ത് കരഞ്ഞുകൊണ്ടേയിരുന്നു.